സിഹ്‌റും, അവ്യക്തകാര്യകാരണ ബന്ധവും



                                                          

ല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്  നബി [സ ] ക്ക്  കൂടോത്രം ബാധിച്ചിരുന്നു എന്ന കഥ മുസ്ലിം ഭൂരിഭാഗം വിശ്വസിക്കുന്നു . ഇസ്ലാമിക ലോകത്തെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം പ്രസ്‌തുത കൂടോത്രകഥ സ്ഥാനം പിടിച്ചുകഴിഞ്ഞു . നന്നേ ചുരുക്കം ചില പണ്ടിതന്മാരൊഴിച്ചു ബാക്കി ഭൂരിഭാഗം ആളുകളും ആ കഥ ന്യായീകരിച്ചു സ്വീകരിക്കുന്നു. എതിർത്തവർ പറഞ്ഞത് ; പ്രവാചകത്വത്തിനു ചേരുന്ന വിശേഷണമല്ല കൂടോത്രബാധ എന്നത് . കാരണം ഒരു പ്രവാചകനായ മനുഷ്യന്റെ ബുദ്ധിക്കോ , മനസ്സിനോ യാതൊരു വിധത്തിലുമുള്ള ചെറുതാണെങ്കിലും പോലും ഒരു തകരാറു ഉണ്ടാകാൻ പാടില്ലാത്തതാണ് . ഒരു ദിവസമെങ്കിലും അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഒരു നബിയുടെ ബുദ്ധിക്ക്  ഭ്രമം ബാധിക്കൽ അദ്ദേഹത്തിൽ ജനം അവിശ്വസിക്കാൻ കാരണമാകും . പിന്നീട് ഒരിക്കൽ പോലും ആ അവസ്ഥ ഉണ്ടായില്ലെങ്കിലും പോലും ആളുകൾ ആക്ഷേപം പറയും .
മുഹമ്മദ് നബിക്ക് [സ ]നാൽപത് വയസ്സായപ്പോൾ ഹിറാ എന്നപേരിലുള്ള ഒരു ഗുഹയിൽ വെച്ചാണ്  ജിബ്‌രീൽ എന്ന മാലാഖയിലൂടെ ദൈവ വചനം ആദ്യമായി വന്നെത്തുന്നത് . അദ്ദേഹം ജിബ്രീലിനെ കണ്ടു ഭയന്ന്  വീട്ടിലേക്ക് പോയി ഭാര്യയോട് സംഭവം പറഞ്ഞു . പിന്നീട്  നബി [സ ] കുടുംബക്കാരോടും , മിത്രങ്ങളോടും  തുടർന്ന് പൊതു ജനത്തോടും താൻ ദൈവത്തിന്റെ പ്രവാചകനാണെന്നും തനിക്ക് ദൈവത്തുങ്കൽ നിന്ന്  മാലാഖ മുഖേന വചനങ്ങൾ ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു . ആന്നാൾ വരെ അദ്ദേഹത്തെ "അൽ ആമീൻ" [ വിശ്വസ്തൻ ] എന്ന് വിളിച്ചവർ പിന്നീട് ആക്ഷേപിക്കാൻ തുടങ്ങി . അവസാനം കൂടോത്രം ബാധിച്ചവൻ എന്നുമൊക്കെ ആക്ഷേപിക്കാൻ തുടങ്ങി .
കാരണം നബി [ സ ] പറയുന്നത് തന്റെ അടുക്കൽ മറ്റു മനുഷ്യർക്ക് കാണാൻ സാധികാത്ത മാലാഖ വരുന്നുണ്ട് എന്നും തനിക്ക്  ദൈവ വചനം ലഭിക്കുന്നുണ്ട് എന്നുമാണ് . അങ്ങനെ നബി ജനങ്ങൾക്ക്  ദൈവ വചനം പറഞ്ഞു കൊടുക്കുന്നു . സ്വാഭാവികമായും ആരും വിശ്വസിക്കില്ല . നബിക് ഭ്രാന്താണെന്നും , കൂടോത്രം ബാധിച്ചതാണന്നും അവർ പറയാൻ തുടങ്ങി . അവർ അങ്ങനെ വാദിക്കാൻ കാരണമുണ്ട് . നബി[ സ ] യുടെ അടുക്കൽ മാലാഖ വരുന്നു എന്നാണ് നബി[ സ ]  പറഞ്ഞത് . പക്ഷെ അവർ അത് വിശ്വസിച്ചിരുന്നില്ല അവർ വിശ്വസിച്ചത് നബി[ സ ] യുടെ അടുക്കൽ പിശാച് വരുന്നു എന്നാണ് . അതുകൊണ്ട് കൂടോത്രം ബാധിച്ചവൻ എന്ന് നബിയെ ആക്ഷേപിച്ചു , പരിഹസിച്ചു . കൂടോത്രം ഫലത്തിലെത്തുന്നത് പിശാച്ചിലൂടെയാണ് എന്നായിരുന്നു അവരുടെ വിശ്വാസം . അവരുടെ വിശ്വാസം എന്ന് പരിമിതപ്പെടുത്തൽ അബദ്ധമാകും ! കാരണം മുസ്ലിംകളിൽ മിക്കവരും വിശ്വസിക്കുന്നതും അങ്ങനെ തന്നെ .
ഇമാം മാവർദി [ റ ] പറയുന്നു : ചില സിഹ്ർ,  ജിന്നുകളുടെ സഹായത്തോടെ ചെയ്യുന്നതാണ്  അള്ളാഹു അവന്റെ പടപ്പുകളെ അതുമൂലം പരീക്ഷിക്കും . ഉദാഹരണത്തിന് നബി [സ ] ക്ക് സിഹ്ർ ബാധിച്ച റിപ്പോർട്ട് . [ തഫ്സീർ മാവർദി  6 / 376-377 ]
അപ്പോൾ യഥാർത്ഥത്തിൽ നബി [ സ ]ക്ക്  കൂടോത്രം ബാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ചെയ്യാത്ത കാര്യം ചെയ്‌തു എന്ന് തോന്നിയെങ്കിൽ മക്ക മുശ്രിക്കുകളിൽ നിന്ന് എത്രപേർ നബിയെ പ്രവാചകനായി അങ്കീകരിക്കുമായിരുന്നു ?
ഇനി  നബി[ സ ]യുടെ കൂടോത്ര ബാധകഥ താഴെ കൊടുക്കാം ;
ഹുദൈബിയ സന്ധിക്ക് ശേഷം നബി [സ ] മദീനയിലേക്ക് മടങ്ങി ഹിജ്റ 7 നാണ് സംഭവം . ഖൈബറിലെ ജൂദൻമ്മാർ മുഹമ്മദ് നബിയെ നാമാവശേഷമാക്കാൻസിഹ്ർ ചെയ്യുക എന്ന ലക്ഷ്യവുമായി സാഹിറിനെ തേടി പുറപ്പെട്ടു. അവിടത്തെ ഏറ്റവും പ്രഗത്ഭനായ മാന്ത്രികൻ ലബീദ് ഇബ്ൻ അഅസ മിനെ കാണുകയും,  മുഹമ്മദ് നബിക്ക് സിഹ്ർ ചെയ്യാൻ ലബീദിനോട് ആവശ്യപ്പെടുകയും ചെയ്തു . ലബീദിന്  അവർ അതിനു പ്രതിഫലമായി മൂന്നു ദിനാർ നൽകി . അങ്ങനെ ലബീദ് നബിയുടെ വീട്ടിലുള്ള ഒരു ജൂദനായ വേലക്കാരനെ കയ്യിലെടുത്തു . അവനോട് നബിയുടെ കൊഴിയുന്ന മുടിയും ചീർപ്പും സംഘടിപ്പിക്കാൻ ഏൽപ്പിച്ചു അങ്ങനെ ആ വേലക്കാരൻ നബിയുടെ മുടി അവന്ന് സൂക്ഷിക്കാനാണെന്നു പറഞ്ഞു  നബിയോട്  അവിടുത്തെ കൊഴിയുന്ന മുടി ആവശ്യപ്പെട്ടു . പ്രവാചകൻ[സ ] അവന്നു അത് നൽകി .അവൻ നബിയുടെ ചീർപ്പിന്റെ പല്ലുകളും സംഘടിപ്പിച്ചു . അങ്ങനെ അവനത് ലബീദിനു  നൽകി . മാന്ത്രികനായ ലബീദ്  അതിൽ ആഭിചാര മന്ത്രങ്ങൾ മന്ത്രിച്ചു .അതിന്നു ശേഷം ബാനു സുരൈഖ് ഗോത്രത്തിലെ ദർവാൻ കിണറിൽ ഒരു കല്ലിനടിയിൽ ആ മാരണ വസ്തുക്കൾ ഒളിപ്പിച്ചു . കുറച്ചു സമയം നീങ്ങിയപ്പോൾ ആ സിഹ്ർ പ്രവർത്തിക്കാൻ തുടങ്ങി . മഹാനായ പ്രവാചകൻ [സ ] ക്ക്  രോഗാവസ്ഥയി , ആറു മാസത്തോളം നബി പ്രയാസം അനുഭവിച്ചു . പ്രസ്തുത കാലയളവിൽ നബിയുടെ മുടി കോഴിയാൻ തുടങ്ങി . അദ്ദേഹത്തിന്  ആ അവസ്ഥയിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന്  തോന്നുമായിരുന്നു . വാസ്തവത്തിൽ ഏർപ്പെട്ടിട്ടുണ്ടാവില്ല . അങ്ങനെ പ്രസ്തുത അവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയാതെ പ്രവാചകർ പകച്ചുപോയി . ഒരിക്കൽ നബി [സ ] ഉറങ്ങുന്ന നേരത്തു സ്വപ്നത്തിൽ രണ്ടു മലക്കുകൾ വന്നു . തനിക്കു ലബീദ് എന്ന ജൂദൻ സിഹ്ർ ചെയ്ത വിവരം അറിയിച്ചു കൊടുത്തു . അങ്ങനെ നബി [സ ] അലി , സുബൈർ ഇബ്ൻ അവ്വാം , അമ്മാർ ഇബ്ൻ യാസിർ എന്നിവരെ ആ കിണറിനരികത്തേക്ക് അയച്ചു . അമ്മാർ [ റ ] അതിലെ ജലം വറ്റിച്ചു ശേഷം അവർ അതിലെ കല്ല് നീക്കം ചെയ്തപ്പോൾ അതിനിടയിൽ നബി [സ ] അൽപ്പം മുടിയും, ചീർപ്പിന്റെ പല്ലുകളും കണ്ടെത്തി . കൂടാതെ പതിനൊന്ന് മാന്ത്രിക  കെട്ടുകളുള്ള ചരടും കണ്ടെടുത്തു . അപ്പോൾ അല്ലാഹു സൂറത്തു ഫലക്കും ന്നാസും അവതരിപ്പിച്ചു . പ്രവാചകൻ ഓരോ ആയത് ഓതുമ്പോളും ഓരോ കേട്ട് അഴിഞ്ഞുകൊണ്ടിരുന്നു . അങ്ങനെ അവസാന കേട്ടും അഴിഞ്ഞു നബി [സ ] രോഗ മുക്തനായി [അസ്ബാബു അൽ നുസുൽ അൽ വാഹിദി / സുറാഹ് ഫലഖ് ],  [ ഫത് ഹുൽ ബാരി / കിതാബ് തിബ്ബ് / ബാബു സിഹ്ർ -ഹദീസ്  5454 ] , [തബകത് ]  
" ജൂദനായ മനുഷ്യൻ നബിക് സിഹ്‌ർ ചെയ്‌തു , അത് ഒരു കിണറ്റിൽ കെട്ടുകൾ ഉണ്ടാക്കി ഇട്ടു . നബി അതെടുത്തു കൊണ്ടുവരാന് സഹാബികളെ അയച്ചു " [ നസായി 4080 ]
عن ابن عباس " أن عليا وعمارا لما بعثهما النبي - صلى الله عليه وسلم - لاستخراج السحر وجدا طلعة فيها إحدى عشرة عقدة"
ഇബ്ൻ അബ്ബാസ് ( റ ) പറയുന്നു ; അലി ( റ ) വിനേയും അമ്മാറി( റ ) നെയും സിഹ്‌ർ ചെയ്‌ത വസ്തുക്കളെടുക്കാൻ നബി [സ ] അയച്ചു അവരവിടെ പതിനൊന്നു കെട്ടുകളുള്ള ചരട് കണ്ടെത്തി " [ ഫത് ഹുൽ ബാരി / കിതാബ് ഥ്വിബ്ബ്‌ ]
ഒരു പ്രവാചകന്റെ അസത്വിത്വത്തിന്  എത്രമാത്രം യോജിച്ചതാണ് ഈ കഥ ? ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ പിന്നെ അദ്ദേഹത്തിന്  മാലാഖമാരുടെ കയ്യിൽ നിന്നും ദൈവ വചനം അവതരിക്കുന്നുണ്ട് എന്ന്  ഒരു ജനത വിശ്വസിക്കുമോ ? കേവലം ഒരു മാന്ത്രികന്  ,പിശാചിനെ ഉപയോഗിച്ച് കൊണ്ട് മനസ്സിൽ  പലതും തോന്നിപ്പിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയുടെ പ്രവാചകത്വവാദം ആരെങ്കിലും സ്വീകരിക്കുമോ ? അദ്ദേഹം പറയുന്ന സകല ദൈവ വചനങ്ങളും പിശാചിന്റെ തോന്നിപ്പിക്കലുകളാണ് എന്നവർ വാദിക്കില്ലേ ? പിശാച് ബാധയാണ്  പ്രവാചകത്വമല്ല എന്നവർ പറയില്ലേ ?
എന്നാൽ ഖുർആനിന് വിരുദ്ധമായ ഇത്തരം കഥകൾ ഇസ്‌ലാമിക ലോകത്തെ പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ തിളങ്ങി നിൽക്കുന്നു .
"അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ ( കായ്കനികള്‍ ) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.അവര്‍ നിന്നെക്കുറിച്ച്‌ എങ്ങനെയാണ്‌ ചിത്രീകരണങ്ങള്‍ നടത്തിയതെന്ന്‌ നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല."[ ഫുർക്കാൻ 7 - 9 ]
നബിയെ കുറിച്ച് ഭക്ഷണം കഴിക്കുന്നവൻ എന്നു പറഞ്ഞത് അല്ലാഹു നിഷേധിച്ചില്ല , നടക്കുന്നവൻ എന്നതും നിഷേധിച്ചില്ല പക്ഷെ പ്രവാചകത്വത്തിന് നിരക്കാത്ത ആക്ഷേപം അല്ലാഹു നിഷേധിച്ചു . അഥവാ കൂടോത്രം ബാധിച്ചവൻ എന്നത് നിഷേധിച്ചു . അതിന്നു കാരണം മേൽ പറഞ്ഞതാണ് .
അവ്യക്തമായ കാര്യകാരണബന്ധം
കേരളത്തിലെ മുജാഹിദുകളിൽ പ്രധാനമായും നടന്ന ഒരു ഭിന്നത സിഹ്‌ർ വിഷയത്തിലാണ് . ഇരുവരും  ഐക്യപ്പെട്ടതിനു ശേഷം പിന്നെയും വിഷയം ചർച്ചയിൽ  വന്നപ്പോൾ  കെ ജെ യൂ യോഗം കൂടി പുതിയ സർക്കുലർ ഇറക്കി , അതിൽ പറയുന്നത്  പൂർവ്വകാലം മുതലേ മുജാഹിദുകളിൽ സിഹ്‌ർ വിഷയത്തിൽ ഭിന്നവീക്ഷണമായിരുന്നു എന്ന് , മാത്രവുമല്ല   കാര്യകാരണ ബന്ധത്തിനപ്പുറമുള്ള നിലക്ക് സിഹ്‌ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണ് എന്നും പറഞ്ഞു . എന്നാൽ അവ്യക്തമായ കാര്യകാരണ ബന്ധം മൂലം സിഹ്‌ർ ഫലിക്കുമെന്നു വിശ്വസിക്കൽ ശിർക്കല്ല എന്ന പുതിയ വിശദീകരണമാണ്‌   സർക്കുലറിൽ പ്രധാനമായും വന്നത് . ഒരു മാന്ത്രികൻ ജനങ്ങളുടെ മുന്നിൽ അവന്റേതായ ഉപകരണങ്ങൾ കൊണ്ട്  ചില വിദ്യകൾ കാണിക്കുമ്പോൾ അതിന്റെ കാര്യകാരണ ബന്ധം കാണികൾക്ക് അവ്യക്തമാണ് . എന്നാൽ മന്ത്രികനും അവന്റെ സഹായികൾക്കും അത് വ്യക്തവുമാണ് . അഥവാ കാര്യകാരണ ബന്ധത്തിനുള്ളിലുള്ളതാണ് ആ സിഹ്‌ർ . മൂസ നബിയുടെ മുന്നിൽ ഫിർഔനിന്റെ മാന്ത്രികർ  അവരുടെ പ്രത്യേകം നിർമ്മിച്ച  വടികളും കയറും ഉപയോഗിച്ചതുപോലെ . എന്നാൽ മുഹമ്മദ് നബിക്ക്      [ സ ] സിഹ്‌ർ ബാധിച്ചു എന്ന കഥയിൽ അവ്യക്തമായ കാര്യകാരണബന്ധം ഇല്ല . കാരണം ഏതു തരം സിഹ്‌റാണ്  നബിക്കെതിരെ ചെയ്‌തത്‌  എന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും വ്യക്തമാണ് .
ബുഖാരിയുടെ സ്വഹീഹിൽ , കിതാബ് ബഅദൽ ഖൽഖിൽ,  ബാബു സിഫ്ത്തി ഇബ്‌ലീസാ വാ ജുനൂദിഹി [ ഇബ്ലീസിന്റെയും അവന്റെ സൈന്യത്തിന്റെയും വിശിഷ്ട ലക്ഷണം ] എന്ന അധ്യായത്തിൽ ആദ്യം കൊടുക്കുന്ന ഹദീസ്, മുഹമ്മദ് നബിക്ക് സിഹ്‌ർ ബാധിച്ചു എന്ന ആയിഷ [ റ ] യുടെ റിപ്പോർട്ടണ് . ഇങ്ങനെ അധ്യായത്തിൽ ഹദീസുവരാൻ കാരണം പ്രസ്‌തുത സിഹ്‌ർ ചെയ്തത്  പിശാചിനോട് ഇസ്‌തിയാനത് നടത്തിയായതിനാലാണെന്ന്  ഇമാം ഇബ്ൻ ഹജർ ഫത് ഹുൽ ബാരിയിൽ പറയുന്നു
 ووجه إيراده هنا من جهة أن السحر إنما يتم باستعانة الشياطين على ذلك ،
[ഹദീസ് 3095 ഫത് ഹുൽ ബാരി ]
ശൈതാനിനോട് ഇസ്തിആനത് നടത്തി  നൂലിൽ പതിനൊന്നു കെട്ടുകളുണ്ടാക്കി മന്ത്രിക്കുകയും [ "നഫ്‌സ് "]ചെയ്താണ് ആ സിഹ്‌ർ ചെയ്‌തത്‌ . അത് അവ്യക്ത കാര്യകാരണ ബന്ധമല്ല മറിച്ച് കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതാണ്  അദൃശ്യമാണ് . ഏലസ്സും , ഉറുക്കും , തീവലത്തും , ചരടുകളുമെല്ലാം അവ്യക്ത കാര്യകാരണ ബന്ധമല്ല. അവയിലൂടെ ഗുണദോഷങ്ങൾ പ്രതീക്ഷിക്കൽ ശിർക്കാണ്‌ . ശിർക്കിനു ഒരു ഹഖീഖതുമില്ല . അതിനാൽ ശിർക്കായ സിഹ്‌റിനും ഒരു ഹഖീഖത്തുമില്ല
ഭിന്നതയുണ്ടായാൽ എന്ത് വേണം
واختلف في السحر فقيل : هو تخييل ولا حقيقة له وهذا اختيار أبي جعفر الإسترباذي من الشافعية وأبي بكر الرازي منالحنفية وابن حزم الظاهري وطائفة 
ഇമാം ഇബ്ൻ ഹജർ അസ്‌ക്കലാനി പറയുന്നു ;
"സിഹ്‌റിന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്ന വീക്ഷണത്തിലാണുള്ളത് ' സിഹ്‌ർ കേവലം തോന്നിപ്പിക്കൽ മാത്രമാണ് , അതിന് യാതൊരു യാഥാർത്യവുമില്ല' . ഈ അഭിപ്രായമാണ് ശാഫിയാക്കളിൽപെട്ട അബൂജഅഫർ ഉസ്‍തർബാദിയും  ഹനഫിയാക്കളിൽ പെട്ട അബുബക്കർ റാസി അൽ ജസ്സാസും ദാഹിരിയാക്കളിൽപെട്ട  ഇബ്ൻ ഹസം അന്തലൂസിയും മറ്റൊരു സംഘം ഇമാമീങ്ങളും പറയുന്നത് ."
[ഫത്തഹുൽ ബാരി / കിതാബ് ഥ്വിബ്ബ്‌ /ബാബു സിഹ്‌ർ ഹദീസ്  5430 ]
ഒരു വിഷയത്തിൽ ഭിന്നതയുണ്ടായാൽ അത് പരിഹരിക്കേണ്ടത് ഖുർആനിലേക്കും നബി ചര്യയിലേക്കും മടങ്ങി വേണം എന്നാണു അല്ലാഹു പറയുന്നത്  .
"ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. "
[നിസാഅ` 59 ]
 ഇവിടെ അഭിപ്രായ ഭിന്നതയുള്ളത്  ഒരു നബി വചനത്തെ ചൊല്ലിയാണ് . അതും നാം അല്ലാഹു പറഞ്ഞപോലെ ഖുർആനിലേക്ക് മടക്കിയാൽ അവിടെ നാം സത്യം കണ്ടെത്തും . സ്വീകരിക്കാനുള്ള ഈമാൻ ഉണ്ടാകണമെന്നുമാത്രം .
ആദ്യമായി അല്ലാഹുവിലേക്ക് മടക്കാം :
അല്ലാഹു പറയുന്നു -" നീ പറയുന്നത്‌ അവര്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌ എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും . നോക്കൂ; എങ്ങനെയാണ്‌ അവര്‍ നിനക്ക്‌ ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല. "   [ ഇസ്റാഅ` 47 -48 ]
ഇസ്ലാമിക ശരീഅത്തിൽ സുവിദിദമായ ഒരു കാര്യമാണ് ഖുർആനിന് വിരുദ്ധമായവ ഒഴിവാക്കണം എന്നത് .  സ്വഹാബികൾ മുതൽ പൂർവികരായ പണ്ഡിതന്മാരും അതെ മാതൃക സ്വീകരിച്ചവരാണ് .
ഫാത്തിമബിൻത് ഖൈസ് പറഞ്ഞു : എന്നെ എന്റെ ഭർത്താവ് മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയപ്പോൾ നബി [ സ ] എനിക്ക് ഭർത്താവിൽ നിന്നും താമസവും , ഭക്ഷണവും അനുവദിച്ചില്ല
[ ഇമാം മുസ്ലിം , അബൂദാവൂദ് ]
എന്നാൽ പ്രസ്തുത ഹദീസ് തള്ളിയ വ്യക്തിയാണ് മഹാനായ ഉമർ [ റ ] . അദ്ദേഹം പറഞ്ഞു ; അല്ലാഹുവിന്റെ കിതാബും , മുഹമ്മദ് നബിയുടെ സുന്നത്തും ഒരു പെണ്ണിന്റെ വാക്കുകേട്ട് നാം ഉപേക്ഷിക്കില്ല .അവൾ ഹൃദ്യസ്ഥമാക്കിയതോ , മറന്നതോ നമുക്കറിഞ്ഞുകൂടാ " [ മുസ്ലിം ]
അതേപോലെ തന്നെ ഇമാം ഇസ്മാഈലീ , ബുഖാരി ഉദ്ധരിച്ച ; ഇബ്രാഹിം നബി പിതാവിന് വേണ്ടി പരലോകത്തു അല്ലാഹുവോട്  ശുപാർശ ചോദിക്കുന്ന ഹദീസ്  തള്ളുകയും അത് ഖുർആനിന് എതിരാണെന്ന് പ്രസ്താവിക്കുകയും ചെയ്‌തു .
وقد استشكل الإسماعيلي هذا الحديث من أصله وطعن في صحته فقال بعد أن أخرجه : هذا خبر في صحته نظرمن جهة أن إبراهيم علم أن الله لا يخلف الميعاد ; فكيف يجعل ما صار لأبيه خزيا مع علمه بذلك ؟ وقال غيره : هذاالحديث مخالف لظاهر قوله تعالى : وما كان استغفار إبراهيم لأبيه إلا عن موعدة وعدها إياه فلما تبين له أنه عدو لله تبرأ منه
[ഫത്ഹുൽ ബാരി / കിത്താബ് തഫ്‌സീർ / സൂറ ശുഅറാഅ`87 ]
മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ പി മുഹമ്മദ് മൗലവിയും ഇതേ കാര്യം അഥവാ ഖുർആനിന് വിരുദ്ധമായ ഹദീസ് ഉപേക്ഷിക്കണം എന്നത്  അദ്ദേഹത്തിന്റെ അതവസ്സുൽ എന്ന ഗ്രൻഥത്തിൽ പ്രസ്താവിക്കുന്നു .
"ഒരു ഹദീസിന്റെ നിവേദകർ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാൽപ്പോലും അതിലെ ആശയം ഖുർആനിന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോൾ ആ ഹദീസ് തള്ളിക്കളയണമെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതൻമാർക്കെതിരിൽ അഭിപ്രായ വ്യത്യാസമില്ല . ഇനി നിവേദകർ അറിയപ്പെടാത്തവരും അവിശ്വസനീയരുമാണെങ്കിൽ അത് ഒരു ഹദീസ് എന്ന പേരിനു പോലും അർഹമാവുകയില്ല " [ അതവസ്സുൽ  - 52 / കെ പി മുഹമ്മദ് മൗലവി * ]
(*കെ പി മുഹമ്മദ് ബിൻ അഹമ്മദ്  മൗലവി,  knm ജനറൽ സെക്രട്ടറി. 1982 മുതൽ അൽ മനാറിൽ ലേഖന പരമ്പര സമാഹാരമാണ്  പ്രസ്‌തുത ബുക്ക് )
കേരളത്തിലെ നവോദ്ധാന പ്രസ്ഥാനവും പ്രസ്‌തുത ആശയമായിരുന്നു ആദ്യകാലങ്ങളിൽ സ്വീകരിച്ചു പോന്നതിന്  പ്രമാണമാണ്  പ്രസ്‌തുത കൃതി .
ഇനി രണ്ടാമതായി  നബി [ സ ] യിലേക്ക് മടക്കാം ;
عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر
അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ  , മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല " [ അഹമ്മദ് 26938 ]
ثلاثة لا يدخلون الجنة، مدمن خمر، وقاطع رحم، ومصدق بالسحر
അബൂമൂസ [ റ ] നിന്നും നിവേദനം ;നബി [സ ] പറഞ്ഞു ; മൂന്നു വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല , മദ്യപാനി , കുടുംബബന്ധം മുറിക്കുന്നവൻ , സിഹ്‌റിനെ യാഥാർഥ്യമാക്കുന്നവൻ "[  [ അഹമ്മദ്  19075  , ഇബ്ൻ ഹിബ്ബാൻ 1380 , ഹാക്കിം 7316 ]
قال امام حاكم : هذا حديث صحيح الإسناد
ഇമാം ഹാകിം പറഞ്ഞു : ഇതിന്റെ സനദ് സ്വഹീഹ് ആണ്  .
[ മുസ്തദറിക്ക് അലാ സ്വഹീഹൈൻ 7316 ]
സിഹ്‌റിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ സിഹ്‌റിന്‌  ഫലസിദ്ധിയുണ്ട് എന്ന് വിശ്വസിക്കലാണ് . സിഹ്‌ർ എന്നൊരു സംഗതിയുണ്ടെന്ന് മാത്രം വിശ്വസിച്ചാൽ ഒരാൾ  നരകത്തിൽ പോകും എന്നത് മണ്ടത്തരമാണ് . ലോകത് നിലവിൽ ഉള്ള ഒരു സംഗതി വിശ്വസിക്കൽ സത്യനിഷേധമല്ലല്ലോ . എന്നാൽ സിഹ്‌റിന്‌  ഹക്കീക്കത്തുണ്ട് , തഅസീറുണ്ട് എന്ന വിശ്വാസമാണ് അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കുന്നത് . കാരണം സിഹ്‌ർ എന്നാൽ ശിർക്കാണ്‌  ശിർക്കിനു ഹക്കീക്കത്തുണ്ട് , തഅസീറുണ്ട്  എന്നൊരാൾ വിശ്വസിക്കൽ സത്യനിഷേധമാണ് .
من علق تميمة فقد أشرك
നബി [സ ] പറഞ്ഞു ; " വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്‌തു "   (അഹമ്മദ്   16969 )
عن أبي هريرة قال قال رسول الله صلى الله عليه وسلم من عقد عقدة ثم نفث فيها فقد سحر ومن سحر فقد أشرك ومن تعلق شيئاوكل إليه
അബൂഹുറൈറ [ റ ] നിന്നും നിവേദനം : നബി [സ ] പറഞ്ഞു :' ആരെങ്കിലും വല്ല കെട്ടിൽ മന്ത്രിച്ചാൽ അവൻ സിഹ്‌ർ ചെയ്‌തു ആരെങ്കിലും സിഹ്‌ർ ചെയ്‌താൽ അവൻ ശിർക്ക് ചെയ്‌തു ആരെങ്കിലും വല്ലതും ശരീരത്തിൽ ബന്ധിച്ചാൽ അവൻ അതിന്മേൽ ഭരമേല്പിക്കപെട്ടു "
[ നാസായി 4079 , മുസന്നഫ് അബ്ദുറസ്സാഖ് 19772 ]
إن رسول الله - صلى الله عليه وآله وسلم - حدثنا : " إن الرقى والتمائم والتولية شرك " قال : فقلت : ما التولية ؟ قال : " التوليةهو الذي يهيج الرجال " هذا حديث صحيح الإسناد على شرط الشيخين ، ولم يخرجاه
നബി [സ ] പറഞ്ഞു ; "നിശ്ചയം മന്ത്രവും , ഏലസ്സും , തിവലത്തും ശിർക്കാണ്‌ " ( ഹാക്കിം 8339 )
التولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي :لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة

"തിവലത് എന്ന് പറഞ്ഞാൽ സിഹ്‌റിന്റെ ഇനത്തിൽ പെട്ടതാണ്. ഭർത്താവിലേക് സ്ത്രീ ആകർഷ്ടയാകാൻ വേണ്ടിയുള്ള മന്ത്രമാണത്. ത്വർച്ചയായും അതിന് തഅസീറുണ്ട്,  ഹഖീഖത്തുണ്ട്  എന്ന്  വിശ്വസിച്ചാൽ അത് ശിർക്കിലേക്ക് എത്തിയേക്കാം "
( ഹാശിയത് സിന്ധി,  ബാബു തഅലീക്കിൽ ത്തമാഇഎം,  ഹദീസ് 3530)
عن عمران بن حصين ، رضي الله عنه ، قال : قال رسول الله صلى الله عليه وسلم : " ليس منا من تطير أو تطير له ، أو تكهنأو تكهن له ، أو سحر أو سحر له ، ومن عقد عقدة - أو قال : من عقد عقدة - ومن أتى كاهنا فصدقه بما يقول فقد كفر بما أنزلعلى محمد صلى الله عليه وسلم .
 ഇമ്രാൻ ഇബ്ൻ ഹുസൈൻ [ റ ] നിന്നും  നിവേദനം : നബി [സ ] പറഞ്ഞു :"ശകുനം നോക്കുന്നവനും  നോക്കിപ്പിക്കുന്നവനും , ഭാവി പ്രവചിക്കുന്നവനും തനിക്ക് വേണ്ടി ഭാവി പ്രവചിപ്പിക്കുന്നവനും,സിഹ്‌ർ ചെയ്യുന്നവനും  തനിക്ക് വേണ്ടി സിഹ്‌ർ ചെയ്യിപ്പിക്കുന്നവനും , കെട്ടുകൾ ഉണ്ടാക്കുന്നവനും ഉണ്ടാക്കിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല , അതേപോലെ ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നവൻ മുഹമ്മദിന് [സ ] അവതരിച്ചതിൽ അവിശ്വസിച്ചു . [ മുസ്‌നദ് ബസ്സാർ 3578 ]
ورجاله رجال الصحيح
ഇമാം ഹൈസമി പറയുന്നു : ഈ ഹദീസിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നു [ മജ്‌മൂ സവാഇദ്  8480 ]
സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്ന്  വാദിക്കുന്ന ആളുകൾ പോലും വ്യഖ്യാനിക്കാൻ പറ്റാതെ ആ സത്യം അങ്കീകരിക്കുന്നു
'സ്വാലിഹ് ആലു ഷെയ്ഖ് പറയുന്നു ; സിഹ്‌റിലൂടെയും , സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം , കണക്കുനോക്കൽ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ് '
[ അതംഹീദു ലി ശറഹിൽ കിത്താബു തൗഹീദ്  347 -348]
അത് തന്നെയാണ്  സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്നു വിശ്വസിക്കുന്നവൻ എന്ന് പറയുന്നതും . മുഹമ്മദ് നബിക്ക് സിഹ്‌ർ ചെയ്യുമ്പോൾ അത് ഫലിക്കും എന്ന് ലബീദ് പറയുന്നത് വിശ്വസിക്കൽ , അങ്കീകരിക്കൽ അതാണ് "മുഅമീനും ബി സിഹ്‌ർ " എന്ന് പറയുന്നത് . കണക്കുനോക്കി സാഹിർ [ ജ്യോൽസ്യൻ ] "നിങ്ങൾക്ക് ഇപ്പോൾ ശനിദശയാണ് " എന്ന് പറയുന്നത് വിശ്വസിക്കുന്നതാണ് "മുഅമീനും ബി സിഹ്‌ർ ".
അല്ലാഹു പറയുന്നു : " വേദത്തില്‍ നിന്ന്‌ ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ജിബ്‌ത്തിലും താഗൂത്തിലും  വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌. "
[ നിസാഅ` 51  ]
 عن عمر بن الخطاب أنه قال : " الجبت " : السحر ، و " الطاغوت " : الشيطان .
ഉമർ [ റ ] പറഞ്ഞു ; ജിബ്‌ത് എന്നാൽ സിഹ്‌റാണ് താഗൂത് എന്നാൽ പിശാചും [ തഫ്‌സീർ ഇബ്ൻ കസീർ 4 / 115 ]
അല്ലാഹുവിന്റെ വചനങ്ങളിൽ നിന്നും സിഹ്‌റിൽ വിശ്വസിക്കൽ കുഫ്‌റാണെന്ന്  വ്യക്തമാകുന്നു ആ കുഫ്‌റിൽ അകപ്പെട്ടവരാണ് യഹൂദികൾ  അതുകൊണ്ട് തന്നെയാണ്  സാഹിറന്മാർ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നവൻ പരിശുദ്ധ ഖുർആനിനെ അവിശ്വസിച്ചു എന്ന് നബി [ സ ] പറഞ്ഞതും . സിഹ്‌റിന്  ഒരു ഫലസിദ്ധിയുമില്ല , നക്ഷത്രങ്ങൾ നോക്കി കണക്കുകൂട്ടി ഭാവി പ്രവചിക്കുന്നത്തിനും യാതൊരു അടിസ്ഥാനവുമില്ല കേവലം കളവും , വഞ്ചനയും ശിർക്ക് കലർന്നതുമാണ്  . യാഥാർഥ്യമില്ലാത്ത അടിസ്ഥാനമില്ലാത്ത സംഗതികളിൽ വിശ്വസിക്കുന്നതിനാലാണ് അതെല്ലാം ശിർക്കും , സത്യനിഷേധവുമാകുന്നത് . യാഥാർഥ്യവും അടിസ്ഥാനവുമുള്ള ഒന്നിനെ സത്യനിഷേധത്തിൽ എണ്ണുകയില്ല .
അല്ലാഹു പറയുന്നു :
നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. [ 17 / 36 ]
യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌ [ 10 / 100 ]
 പറയുക: ഇതാണ്‌ എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ ( അവനോട്‌ ) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. [ 12/ 108 ]


shahidmvpa

Comments

Popular posts from this blog